Sathyarthaprakasham

സത്യാര്‍ഥപ്രകാശമെന്ന ഔഷധി ശ്രീമദ് ശങ്കരാചാര്യ സ്വാമികള്‍ പ്രസ്ഥാനത്രയത്തിലൂടെ എന്തെല്ലാം എങ്ങനെയാണോ സാധിച്ചെടുക്കുന്നതു് അവയെ വീണ്ടും സമര്‍ഥമായി ശ്രുതിപാകത്തില്‍ സ്ഫുടം ചെയ്‌തെടുക്കുകയാണു് ഋഷി ദയാനന്ദന്‍ സത്യാര്‍ഥപ്രകാശത്തിലൂടെ ചെയ്യുന്നതു്. മനീഷികള്‍ രണ്ടുവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. വിധിയുടേയും നിഷേധത്തിന്റെയും മാര്‍ഗത്തില്‍. വിധി യുടെ കാര്യത്തില്‍, വേദത്തെ മാത്രമേ ഋഷി ദയാനന്ദന്‍ സ്വീകരിക്കുന്നുള്ളൂ. നിഷേധത്തിന്റെ മാര്‍ഗത്തില്‍ ഋഷി ദയാനന്ദനു് അദ്ദേഹത്തിന്റെ തനതായ ശൈലിതന്നെയുണ്ടു്. ആ രീതി ഷട്ദാര്‍ശനികപദ്ധതീജന്യമാണു്. ആ ശൈലി ഇഷ്ടപ്പെടാതെ പോയവര്‍തന്നെയാണു് അധികം എങ്കിലെന്തു് ആ മാര്‍ഗത്തെ പ്രണയിച്ചവര്‍ തന്നെ ആത്മസമര്‍പ്പണത്തിലൂടെ ഈ ദയാനന്ദപദ്ധതിയെ മുന്നോട്ടു നയിക്കുന്നു. ഇന്ന് ഭാരതീയന് എതിര്‍പ്പുകളെ ഭയമാണു്. ഒരു പക്ഷെ ഇന്നു് നാം പിന്തുടരുന്ന ഏതു് ദാര്‍ശനിക പദ്ധതിയും ആത്യന്തികമായി ഋഷി ദയാനന്ദനെ ഭയപ്പെടുന്നതും അതുകൊണ്ടുതന്നെയാവാം. മാംസം ഭക്ഷിക്കാമോ എന്ന ചോദ്യത്തിനു് പാടില്ല എന്നും, വിഗ്രഹാരാധന പാടുണ്ടോ എന്ന ചോദ്യത്തിനു് പാടില്ല എന്നും, ഉറപ്പിച്ചും തറപ്പിച്ചും പറയുന്ന ദയാനന്ദന്‍, കേവലനാമജപം മോക്ഷമാര്‍ഗമാണോ എന്ന ചോദ്യത്തിനു് സംശയലേശമെന്യേ അതു് നരകമാര്‍ഗമാണെന്നുത്തരം തരുന്നു. ഈശ്വരനുണ്ടോ എന്ന ചോദ്യത്തിനു് ഉണ്ടു് എന്നും ഈശ്വരനെയറിയാന്‍ സാധ്യമാണെന്നും എന്നാല്‍ ഇന്നു നാം പറയുന്ന മാര്‍ഗങ്ങളൊന്നും ഈശ്വരനിലേക്കു് നമ്മേ നയിക്കുന്നതല്ലെന്നും തറപ്പിച്ചുതന്നെ പറയുന്നു. ഈശ്വരീയ ജ്ഞാനമായ വേദം പഠിക്കുന്നതിനു് ഊടുവഴികളന്വേഷിപ്പവര്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഊടുവഴി അന്വേഷിക്കാഞ്ഞതെന്താണെന്നു് ചിന്തിക്കണമെന്ന് നമ്മേ ഓര്‍മിപ്പിക്കുന്നു. അങ്ങനെ ഇന്നു് നാം ആധ്യാത്മികം എന്നു് പറയുകയും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നതിനെ എല്ലാം വൈദികമായ ദര്‍ശനികപദ്ധതിയുമായി ബന്ധപ്പെടുത്തുവാന്‍ ഋഷി ദയാനന്ദന്‍ ശ്രമിച്ചു. അങ്ങനെ ബന്ധപ്പെടുത്തുവാന്‍ സാധ്യമല്ല എന്ന് കണ്ടെത്തിയവയെ തള്ളിക്കളയുന്നതില്‍ അദ്ദേഹത്തിനു് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. നമ്മുടെ ചിന്തകള്‍ക്കു് ഋഷി ദയാനന്ദന്‍ പ്രസക്തമാകുന്നതു് തള്ളുന്നതിനും കൊള്ളുന്നതിനും അദ്ദേഹം സ്വീകരിച്ച മാര്‍ഗത്തെ മനസ്സിലാക്കുമ്പോഴാണു്. ആ മാര്‍ഗം ഒരു നിര്‍ബന്ധം മാത്രമാണു്. നിഷേധിക്കുന്നതു് വേദത്തെക്കൊണ്ടു്! വിധിക്കുന്നതും വേദത്തെക്കൊണ്ടു്! എല്ലാ രാജരോഗങ്ങളെയും അദ്ദേഹം ചതുര്‍വേദങ്ങള്‍ കൊണ്ടു് ചികിത്സിച്ചു. ആ കായകല്പചികിത്സയുടെ ബാലപാഠങ്ങളാണു് സത്യാര്‍ഥപ്രകാശവും ഋഗ്വേദാദി ഭാഷ്യഭൂമികയും. കൈരളിയ്ക്കു് ഇവയില്‍ സത്യാര്‍ഥപ്രകാശത്തെ ഈ വിധം ദൃശ്യ-ശ്രാവ്യാനുഭവമായി സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ക്കു് അതിയായ സന്തോഷമുണ്ടു്. മഹര്‍ഷി ദയാനന്ദസരസ്വതിയുടെ സത്യാര്‍ഥപ്രകാശത്തിന്റെ മലയാള പരിഭാഷ സ്വ. നരേന്ദ്രഭൂഷണ്‍ നിര്‍വ്വഹിച്ചു് പ്രസിദ്ധപ്പെടുത്തിയതിന്റെ, പരിഷ്കരിച്ച 5-ാം പതിപ്പാണു് ഈ ശ്രാവ്യഗ്രന്ഥത്തിനു് അടിസ്ഥാനമായതു്. ഈ പതിപ്പിന്റെ സകല ശ്രേയസ്സുംപ്രതിഷ്ഠാപനാംഗങ്ങളായ മൂന്നു് പേര്‍മാത്രമടങ്ങുന്ന ഒരു സംഘത്തിന് സ്വന്തമാണു്. നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം ഈ മേഖലയില്‍ ഇനിയും കൂടുതല്‍ സംരംഭങ്ങള്‍ ഏറ്റെടുക്കുവാന്‍ പ്രതിജ്ഞാബദ്ധരാണു്. നരേന്ദ്രഭൂഷണിന്റെ 83-ാം ജന്മദിനമായ 2020 മേയ് 22 നു് ഈ ശ്രാവ്യഗ്രന്ഥം മലയാളികള്‍ക്കായി സമര്‍പ്പിക്കുന്നു. ഈശ്വരസ്മരണയോടെ, സവിനയം കമലാ നരേന്ദ്രഭൂഷണ്‍, എന്‍. വേദപ്രകാശ് (മഹര്‍ഷി ദയാനന്ദഭവന്‍, നരേന്ദ്രഭൂഷണ്‍ റോഡ്, ചെങ്ങന്നൂര്‍, കേരളം, ഭാരതം 689121. മൊബയില്‍:- +91 9446314343, ഇ-മെയില്‍:- [email protected])

Sathyarthaprakasham

Latest episodes of the podcast Sathyarthaprakasham