മതതീവ്രവാദത്തിനിരയായ ആദ്യ മലയാള കവി; കെ.സി ഫ്രാന്‍സിസിന്റെ ജീവിത കഥ

22/04/2021 44 min

Listen "മതതീവ്രവാദത്തിനിരയായ ആദ്യ മലയാള കവി; കെ.സി ഫ്രാന്‍സിസിന്റെ ജീവിത കഥ"

Episode Synopsis

കെ.സി. ഫ്രാന്‍സിസ്, മലയാളകവിതയുടെ ചരിത്രം വിട്ടു കളഞ്ഞ പേരാണ്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പര്‍ ബോയ് യുടെ ഗാന രചയിതാവ് കൂടിയാണ് (കെ.സി. പൂങ്കുന്നം) അദ്ദേഹം.
ഒരു കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1940 മുതല്‍ 1960 വരെയുള്ള കാലത്ത് മലയാള കവിതാ ലോകത്ത് ശ്രദ്ധേയനായിരുന്നു കെ.സി. ഫ്രാന്‍സിസ്. അക്കാലത്തെ മുന്‍നിര മുഖ്യധാരാ മാസികകളിലൊക്കെ കവിതകളെഴുതിയിരുന്നയാള്‍. കേരള സാഹിത്യ അക്കാദമി 2018 ല്‍ കെ.സി. ഫ്രാന്‍സിസിന്റെ തെരഞ്ഞെടുത്ത കവിതകള്‍ "പുതിയ മനുഷ്യന്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തിന്റെ അവതാരികയില്‍ കവി പി.രാമന്‍ എഴുതുന്നു: "തീര്‍ത്തും ചലനാത്മകമായ ഒരു കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവകവിയായി അംഗീകരിക്കപ്പെട്ട എഴുത്തുകാരനാണ് കെ.സി. ഫ്രാന്‍സിസ്. എന്നാല്‍ എഴുത്തില്‍ തിളങ്ങി വന്ന കാലത്ത് അദ്ദേഹം പെട്ടെന്ന് നിശ്ശബ്ദനായിത്തീരുകയും ചെയ്തു. കവിതയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളാണ് അദ്ദേഹത്തെ നിശ്ശബ്ദനാക്കിയത്. മതതീവ്രവാദത്തിന് ഇരയായ ആദ്യത്തെ മലയാള കവിയാണ് കെ.സി. ഫ്രാന്‍സിസ്. ഐക്യകേരളം രൂപംകൊണ്ട കാലത്തെ സന്ദിഗ്ദ്ധതകളും ഉത്കണ്ഠകളും ആവിഷ്‌കരിച്ച ഈ കവി അച്ചടി മാധ്യമങ്ങളില്‍ നിന്നും പിന്‍മാറിയതോടെ അവഗണനയുടെ ഇരുട്ടില്‍ പൊലിഞ്ഞു പോവുകയും ചെയ്തു. കവിത കൊണ്ടു മുറിവേറ്റ മനുഷ്യനായിരുന്നു അദ്ദേഹം '

കെ.സി. ഫ്രാന്‍സിസിന്റെ എഴുത്തു ജീവിതത്തെയും വ്യക്തി ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് മകന്‍ ഫേവര്‍ ഫ്രാന്‍സിസും സഹോദരന്‍ കെ.സി. ജോസും. എഴുതാതെ ജീവിക്കാന്‍ കഴിയാതിരുന്ന ഒരു മനുഷ്യന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത കഥയാണത്. സ്വന്തമായി മാസിക പുറത്തിറക്കിയിരുന്ന പത്രാധിപര്‍, വര്‍ഗ്ഗീസിനെക്കുറിച്ച് കവിതയെഴുതിയിട്ടുള്ള, ആള്‍ദൈവങ്ങളെ നിശിതമായി വിമര്‍ശിച്ച് കവിതയെഴുതിയിട്ടുള്ള ഒരാള്‍. ജീവിച്ചിരുന്ന കാലത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളെ എഴുത്തില്‍ പ്രതിഫലിപ്പിച്ചിരുന്ന ജാഗ്രതയുള്ള എഴുത്തുകാരന്‍. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതിയിരുന്നയാള്‍.
മലയാളം ബോധപൂര്‍വ്വം മറന്നു പോയ ഒരു എഴുത്തുകാരന്റെ തിരസ്‌കാരങ്ങള്‍ക്കു പിറകില്‍ മാനവിക ബോധ്യങ്ങളാല്‍ അയാള്‍ എഴുതി വെച്ച വരികള്‍ തന്നെയാണുള്ളത്. മുഖ്യധാരയുടെ സവര്‍ണ ബോധങ്ങള്‍ക്ക് കെ.സി. ഫ്രാന്‍സിസിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി എന്നു വേണം വായിക്കാന്‍.

More episodes of the podcast Truecopy THINK - Malayalam Podcasts